സ്വന്തം ലേഖകൻ
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ കേന്ദ്രസർക്കാർ ഇടപെട്ടു തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഈ മാസം 16ന് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന വധശിക്ഷ നയതന്ത്ര ഇടപെടലിലൂടെ കേന്ദ്രം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിലാണ് ഹർജി നൽകിയത്. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
കേന്ദ്രസർക്കാരിന് ഏതെങ്കിലും രീതിയിലുള്ള നയതന്ത്ര ഇടപെടൽ സാധ്യമാക്കുന്നതിന് സഹായകമാക്കാൻ ഹർജിയുടെ ഒരു പകർപ്പ് അറ്റോർണി ജനറലിനു നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിമിഷപ്രിയയെ 16ന് വധശിക്ഷയ്ക്കു വിധേയയാക്കാനിരിക്കുകയാണെന്നും ഇന്നു ഹർജി പരിഗണിച്ചാൽ ശനി, ഞായർ ദിവസങ്ങൾകൂടി നയതന്ത്ര നീക്കങ്ങൾ നടത്താനുള്ള വിലപ്പെട്ട സമയം ലഭിക്കുമെന്നും ഹർജിക്കാർ വാദിച്ചെങ്കിലും നിമിഷപ്രിയയെ സഹായിക്കാൻ എന്തെല്ലാം നടപടികളെടുക്കാൻ കഴിയുമെന്നു വ്യക്തമാക്കി കേന്ദ്രത്തിനു മറുപടി നൽകാനുള്ള സമയം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.